Showing posts with label Kumaranashan. Show all posts
Showing posts with label Kumaranashan. Show all posts

Friday, 20 December 2013

വീണപൂവ്‌ – കുമാരനാശാന്‍

1
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?
2
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍
3
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
4
ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍
5
ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.
6
ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍
7
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം
8
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും
9
ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം
10
“കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന”മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
11
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍
12
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം
13
എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
14
ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!
15
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?
16
ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.
17
ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ
18
ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.
19
പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?
20
പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?
21
ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?
22
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
23
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ
24
അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍
25
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും
26
ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം
27
താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു
28
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
29
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.
30
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.
31
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?
32
എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം
33
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.
34
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
35
ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍
36
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍
37
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.
38
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം
39
അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍
40
ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!
41
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

കരുണ – കുമാരനാശാന്‍

ഒന്ന്

അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ-
ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍,
ഉത്തരമഥുരാപുരിക്കത്തരോപാന്തത്തിലുള്ള
വിസ്തൃതരാജവീഥിതന്‍ കിഴക്കരികില്‍,
കാളിമകാളും നഭസ്സെയുമ്മവയ്ക്കും വെണ്‍മനോജ്ഞ-
മാളികയൊന്നിന്റെ തെക്കേ മലര്‍മുറ്റത്തില്‍,
വ്യാളീമുഖം വച്ചു തീര്‍ത്ത വളഞ്ഞ വാതിലാര്‍ന്നക-
ത്താളിരുന്നാല്‍ കാണും ചെറുമതിലിനുള്ളില്‍,
ചിന്നിയ പൂങ്കുലകളാം പട്ടുതൊങ്ങല്‍ ചുഴുമൊരു
പൊന്നശോകം വിടുര്‍ത്തിയ കുടതന്‍ കീഴില്‍,
മസൃണശിലാസനത്തില്‍ ചരിഞ്ഞ പാര്‍ശ്വത്തില്‍ പുഷ്പ-
വിസൃമരസുരഭിയാമുപധാനത്തില്‍,
മെല്ലെയൊട്ടു ചാഞ്ഞും വക്കില്‍ കസവുമിന്നും പൂവാട
തെല്ലളകോപരിയൊരു വശത്താ‍ക്കിയും,
കല്ലൊളിവീശുന്ന കര്‍ണ്ണപുരമാര്‍ന്നും, വിടരാത്ത
മുല്ലമാല മിന്നും കൂന്തല്‍ക്കരിവാര്‍മുകില്‍
ഒട്ടു കാണുമാറുമതിന്നടിയില്‍ നന്മൃഗമദ-
പ്പൊട്ടിയന്ന മുഖചന്ദ്രന്‍ സ്ഫുരിക്കുമാറും,
ലോലമോഹനമായ “ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പില്‍ കയറ്റിവച്ചും,
രാമച്ചവിശറി പനീഎരില്‍ മുക്കിത്തോഴിയെക്കൊ-
ണ്ടോമല്‍കൈവള കിലുങ്ങെയൊട്ടു വീശിച്ചും,
കഞ്ജബാണന്‍‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി.
പടിഞ്ഞാറു ചാഞ്ഞു സൂര്യന്‍ പരിരമ്യമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ
രാജല്‍കരകേസരങ്ങള്‍ വീശിടുന്നു ദൂരത്തൊരു
“രാജമല്ലി”മരം പൂത്തു വിലസും‌പോലെ.
കൊണ്ടല്‍ വേണീമണിയവള്‍ കുതുകമാര്‍ന്നൊരു മലര്‍-
ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റിടുന്നു.
ഇളംതെന്നല്‍ തട്ടി മെല്ലെയിളകിച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും
വെളിയില്‍ വരുമച്ചാരുവാമേതരപദാബ്ജം പൊന്‍-
തള കിലുങ്ങുമാറവള്‍ ചലിപ്പിക്കുന്നു.
മറയും മലര്‍വല്ലിയില്‍ കുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂര്‍ന്നിമകറുത്തുമിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനില്‍ക്കുന്നു പിടിച്ചു തൂനീര്‍ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.
തുടുതുടെ സ്ഫൊരിച്ചെഴുമധരപല്ലവങ്ങള്‍ തന്‍
നടുവോളമെത്തും ഞാത്തിന്‍ ധവളരത്നം,
വിളങ്ങുന്നു മാണിക്യമായവള്‍ ശ്വസിക്കും രാഗംതാന്‍
വെളിയിലങ്ങനെ ഘനീഭവിക്കും‌പോലെ.
നിതംബഗുരുതയാല്‍ത്താന്‍ നിലംവിടാന്‍ കഴിയാതി-
സ്ഥിതിയില്‍ത്തങ്ങുമിക്ഷോണീരംഭതാനത്രേ.
‘വാസവദത്താ‘ഖ്യയായ വാരസുന്ദരി-മഥുരാ-
വാസികളിലറിയാതില്ലിവളെയാരും.
വെളിയിലെന്തിനോ പോയി മടങ്ങിവരും വേറൊരു
നളിനാക്ഷി നടന്നിതാ നടയിലായി.
കനിഞ്ഞൊരു പുഞ്ചിരിപൂണ്ടവളെയക്കാമിനി കാര്‍-
കുനുചില്ലിക്കൊടികാട്ടി വിളിച്ചിടുന്നു.
“ഫലിച്ചിതോ സഖി, നിന്റെ പ്രയത്നവല്ലരി, രസം
കലര്‍ന്നിതോ ഫലം, ചൊല്‍ക കനിയായിതോ?
എനിക്കു സന്ദേഹമില്ലയിക്കുറി, യോര്‍ക്കിലപ്പുമാന്‍
മനുഷ്യനാണല്ലോ! നീയും ചതുരയല്ലോ.”
ത്വരയാര്‍ന്നിങ്ങനെയവള്‍ തുടര്‍ന്നു ചോദിച്ചാളുട-
നരികത്തണഞ്ഞു തോഴി തൊഴുകൈയോടെ
“ ‘സമയമായില്ലെ’ന്നുതനിപ്പൊഴും സ്വാമിനി,യവന്‍
വിമനസ്സായുരയ്ക്കുന്നൂ, വിഷമ”മെന്നാള്‍.
കുണ്ഠിതയായിതു കേട്ടു പുരികം കോട്ടിയും കളി-
ച്ചെണ്ടു ചെറ്റു ചൊടിച്ചുടന്‍ വലിച്ചെറിഞ്ഞും
മട്ടൊഴുകും വാണിയവള്‍ ചൊല്ലിനാള്‍ മനമുഴറി-
യൊട്ടു തോഴിയോടായൊട്ടു സ്വഗതമായും;
“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.
കാടുചൊല്ലുന്നതാമെന്നെക്കബളിപ്പിക്കുവാന്‍ കൈയി-
ലോടുമേന്തി നടക്കുമീയുല്പലബാണന്‍.
പണമില്ലാഞ്ഞുതാന്‍ വരാന്‍ മടിക്കയാവാമസ്സാധു
ഗണികയായ് ത്തന്നെയെന്നെഗ്ഗണിക്കയാവാം.
ഗുണബുദ്ധിയാല്‍ ഞാന്‍ തോഴി, കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?
വശംവദസുഖ ഞാനീ വശാക്കേടെനിക്കു വരാന്‍
വശമില്ലെന്നാലും വന്ന്തയുക്തമല്ല.
വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും.
അനുരക്തരഹോ! ധനപതികള്‍ നിത്യമെന്‍കാലില്‍
കനകാഭിഷേകംചെയ്തു തൊഴുതാല്‍ പ്പോലും
കനിഞ്ഞൊരു കടാക്ഷിപ്പാന്‍ മടിക്കും കണ്ണുകള്‍ കൊച്ചു-
മുനിയെക്കാണുവാന്‍ മുട്ടിയുഴറുന്നല്ലോ.
കമനീയകായകാന്തി കലരും ജനമിങ്ങനെ
കമനീവിമുഖമായാല്‍ കഠിനമല്ലേ?
ഭാസുരനക്ഷത്രം‌പോലെ ഭംഗിയില്‍ വിടര്‍ന്നിടുന്ന
കേസരമുകുളമുണ്ടോ ഗന്ധമേലാതെ.
അഥവാ കഷ്ട!മീ യുവാവശ്ശ്രമണഹതകന്റെ
കഥയില്ലായ്മകള്‍ കേട്ടു കുഴങ്ങുന്നുണ്ടാം.
അവസരം നോക്കുന്നുണ്ടാം; യമരാജ്യത്തിലാ ശാക്യ-
സ്ഥവിരന്നു പോയൊതുങ്ങാന്‍ സ്ഥലമില്ലല്ലി!
അനുനയം ചൊല്‍വാന്‍ ചെവിതരുന്നുണ്ടോ? സഖീ,യവ-
ന്നനുരാഗാങ്കുരം വാക്കില്‍ സ്ഫുരിക്കുന്നുണ്ടോ?
വിവിക്തദേശത്തില്‍ തന്നെ വചിച്ചിതോ, ദ്യൂത്യ, മെന്റെ
വിവക്ഷിതമറിഞ്ഞെല്ലാം പറഞ്ഞിതോ നീ?
യതിമര്യാദയില്‍ത്തന്നെയവനോര്‍ക്കില്‍ ക്ഷണിക്കുമെന്‍
സദനത്തില്‍ വന്നു ഭിക്ഷ ഗ്രഹിക്കാമല്ലോ!
അതു ചെയ്യുമായിരുന്നാലത്രമാത്രമായ് മിഴിക്കാ
മധുരാകൃതിയെ നോക്കി ലയിക്കാമല്ലോ!
അര്‍ത്ഥഭാണ്ഡങ്ങള്‍തന്‍ കനംകുറഞ്ഞുപോകുന്നു, തോഴീ-
യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു,
വ്യര്‍ത്ഥമായ്ത്തോന്നുന്നു കഷ്ട!മവന്‍ കാണാതെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണീപോലും.”
കുലനയവിരുദ്ധമായ് കൊഴുക്കുമെപ്രണയത്തില്‍
നില നായികയില്‍ കണ്ടു ഹസിച്ചു ദൂതി.
ചലദലകാഞ്ചലയായ് ‘ചാപലമീതരുതെ’ന്നു
തല വിലങ്ങനെയാട്ടിത്തിരസ്കരിച്ചു.
അപഥത്തില്‍ നായികയെ നയിക്കും കുട്ടീനീ, മതി-
യുപദേശസം‌രംഭം നീയുരിയാടേണ്ട,
മടയരില്ല ലോകത്തില്‍ മുറയുരയ്ക്കാത്തതായി
പടുപാട്ടൊന്നു പാടാത്ത കഴുതയില്ല.
വിളയും സുഖദു:ഖങ്ങള്‍ വിതയ്ക്കും നന്മതിന്മതന്‍
ഫലമായിട്ടെന്ന ബോധം പൊരുളാണെങ്കില്‍
കൊലയും കൊള്ളയും കൂടിക്കുലപരമ്പരയായാല്‍
നലമെന്നു ചൊല്ലും നീതി നുണയാന്‍ നൂനം.
ധനദുര്‍ദ്ദേവതയ്ക്കെന്നും ത്രപവിട്ടഹോ! മോഹത്താല്‍
തനതംഗം ഹോമിക്കുമിത്തയ്യലാള്‍ക്കുള്ളില്‍
അനവദ്യസുഖദമാമനുരാഗാങ്കുരം വരാ
തനിയേ പിന്നതു വന്നാല്‍ വരമല്ലല്ലീ?
കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ-
യതിമാത്രമിരുള്‍തങ്ങുമന്ധകൂപത്തില്‍?
ഉടനേ ചക്രങ്ങള്‍ നിലത്തുരുളുമൊച്ചകള്‍ കൂട്ടി-
പ്പൊടിപൊങ്ങിച്ചു വീഥിയില്‍ വടക്കുനിന്നും
ആനതാഗ്രമായ കൊമ്പില്‍ പൂവണിഞ്ഞും തിരയിന്മേല്‍
ഫേനപിണ്ഡം‌പോലെ പൊങ്ങും പോഞ്ഞു തുള്ളിച്ചൂം
കിലുകിലെക്കിലുങ്ങുന്ന മണിമാലയാര്‍ന്ന കണ്ഠം
കുലുക്കിയും കുതിച്ചാഞ്ഞു താടയാട്ടിയും
കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി
മാളികതന്‍ മുമ്പിലിതാ വന്നണയുന്നു.
വാതുക്കലായുട,നഗ്രം വളഞ്ഞു കിന്നരി വച്ച
പാദുകകള്‍ പൂണ്ടും, പട്ടുതലപ്പാവാര്‍ന്നും,
കാതില്‍ വജ്രകുണ്ഡലങ്ങള്‍ മിനുക്കിയണിഞ്ഞും, കൈകള്‍
മോതിരങ്ങള്‍തന്‍ കാന്തിയില്‍ തഴുകിക്കൊണ്ടും,
തങ്കനൂല്‍ക്കുടുക്കിയന്നു തനിമഞ്ഞനിറമാര്‍ന്നോ-
രങ്കിയാല്‍ തടിച്ചിരുണ്ട തടി മറച്ചും,
കരയാര്‍ന്ന ചെങ്കൗശേയം ഞെറിഞ്ഞു കുത്തിയുടുത്തു
പുറങ്കാല്‍വരെ പൂങ്കച്ഛം ഞാത്തിപ്പാറിച്ചും,
പൊന്നരഞ്ഞാണ്‍തുടല്‍ പുറത്തടിയിച്ചുമിരുപാടും
മിന്നുമുത്തരീയം നീട്ടി മോടിയിലിട്ടും
മണിത്തേരിതില്‍നിന്നതിസുഭഗമ്മന്യനാമൊരു
വണീശ്വരന്‍ വൈദേശികനിറങ്ങിനിന്നു.
അതു കണ്ടുടനേ ദൂതിയത്തരുണീമണിയെ സ-
സ്മിതം നോക്കിക്കടക്കണ്ണാലാജ്ഞയും വാങ്ങി,
പതിവുപോലുപചാരപരയായ് പോയകത്തേയ്ക്കാ-
യതിഥിയെയെതിരേറ്റു സല്‍ക്കരിക്കുവാന്‍.
ആസനം‌വിട്ടുടന്‍ മെല്ലെയെഴുനേറ്റു വഴിയേതാന്‍
വാസവദത്തയും മണിയറയിലേക്കായ്,
പരിച്ഛദമൊക്കെയേന്തിപ്പുറകേ നടന്നുചെല്ലും
പരിചാരികയാകുമന്നിഴലുമായി,
കരപറ്റിനിന്നു വീണ്ടും കുണങ്ങിത്തന്‍ കുളത്തിലേ-
ക്കരയന്നപ്പിടപോലെ നടന്നുപോയി.

രണ്ട്

കാലം പിന്നെയും കഴിഞ്ഞു, കഥകള്‍ നിറഞ്ഞ മാസം
നാലു പോയി നഭസ്സില്‍ കാറൊഴിയാറായി,
പാലപൂത്തു, പരിമളം ചുമന്നു ശുദ്ധമാം പുലര്‍-
കാലവായു കുളിര്‍ത്തെങ്ങും ചരിക്കയായി.
അഴകോടന്നഗരത്തില്‍ തെക്കുകിഴക്കതുവഴി-
യൊഴുകും യമുനതന്റെ പുളിനം കാണ്മൂ.
ഇളമഞ്ഞവെയില്‍ തട്ടി നിറം‌മാറി നീലവിണ്ണില്‍
വിളങ്ങുന്ന വെണ്‍മുകിലിന്‍ നിരകണക്കേ
ജനരഹിതമാം മേലേക്കരയിലങ്ങങ്ങു കരും-
പനയും പാറയും പുറ്റും പാഴ്‌ച്ചെടികളും
വെളിയിടങ്ങളും വായ്ക്കും സ്ഥലം കാണാം ശൂന്യതയ്ക്കു
കളിപ്പാനൊരുക്കിയിട്ട കളം‌കണക്കേ.
നെടിയ ശാഖകള്‍ വിണ്ണില്‍ നിവര്‍ന്നു മുട്ടിയിലയും
വിടപങ്ങളും ചുരുങ്ങി വികൃതമായി,
നടുവിലങ്ങു നില്‍ക്കുന്നു വലിയൊരശ്വത്ഥം, മുത്തു
തടികള്‍ തേഞ്ഞും തൊലികള്‍ പൊതിഞ്ഞു വീര്‍ത്തും.
ചടുലദലങ്ങളിലും ശൃംഗഭാഗത്തിലും വെയില്‍
തടവിച്ചുവന്നു കാറ്റിലിളകി മെല്ലെ,
തടിയനരയാലതു തലയില്‍ത്തീകാളും നെടും-
ചുടലബ്ഭൂതം‌കണക്കേ ചലിച്ചു നില്പൂ.
അടിയിലതിന്‍ ചുവട്ടിലധികം പഴക്കമായ്ക്ക്-
ല്ലുടഞ്ഞും പൊളിഞ്ഞുമുണ്ടൊരാല്‍ത്തറ ചുറ്റും.
ഇടുങ്ങിയ മാളങ്ങളിലിഴഞ്ഞേറും പാമ്പുകള്‍പോല്‍
വിടവുതോറും പിണഞ്ഞ വേരുകളോടും.
പറന്നടിഞ്ഞരയാലിന്‍ പഴുത്ത പത്രങ്ങളൊട്ടു
നിറം‌മങ്ങി നിലം‌പറ്റിക്കിടപ്പു നീളെ;
ഉറുമ്പിഴയ്ക്കുമരിയുമുണങ്ങിയ പൂവും ദര്‍ഭ-
മുറിത്തുമ്പും മറ്റും ചേര്‍ന്നു ചിതറിച്ചിന്നി.
അകലത്തൊരു മൂലയില്‍ കെടുന്ന കനലില്‍നിന്നു
പുകവല്ലി പൊങ്ങിക്കാറ്റില്‍ പടര്‍ന്നേറുന്നു.
ചികഞ്ഞെടുത്തെന്തോ ചില ദിക്കില്‍നിന്നു ശാപ്പിടുന്നു
പകലെന്നോര്‍ക്കാതെ കൂറ്റന്‍ കുറുനരികള്‍.
കുറിയോരങ്കുശം‌പോലെ കൂര്‍ത്തുവളഞ്ഞുള്ള കൊക്കു
നിറയെക്കൊത്തിവലിച്ചും നഖമൂന്നിയും,
ഇരയെടുക്കുന്നു പെരുംകഴുകുകള്‍ ചില ദിക്കില്‍
പരിഭ്രമിയാതിരുന്നു ഭയങ്കരങ്ങള്‍
ഉടഞ്ഞ ശംഖം‌പോലെയുമുരിച്ചു മുറിച്ച വാഴ-
ത്തടപോലെയും തിളങ്ങുമസ്ഥിഖണ്ഡങ്ങള്‍,
അവയവശിഷ്ടങ്ങളായടിഞ്ഞു കിടക്കുന്നുണ്ടൊ-
ട്ടവിടെവിടെ മറഞ്ഞും മറയാതെയും,
അരയാല്‍ത്തറവരെയും വടക്കുനിന്നെത്തുന്ന കാല്‍-
പ്പെരുമാറ്റം കുറഞ്ഞ പാഴ്നടക്കാവിന്റെ
പരിസരങ്ങളില്‍ ഭസ്മപ്പാത്തികള്‍ കാണുന്നു ചുറ്റും
കരിക്കൊള്ളിയും കരിഞ്ഞ കട്ടയുമായി.
ഉടലെടുത്ത നരന്മാര്‍ക്കൊന്നുപോലേവര്‍ക്കും ഭോജ്യ-
മിടരറ്റു പിതൃപൈതാമഹസമ്പ്രാപ്തം.
ഇടമിതിഹലോകത്തില്‍ പരമാവധിയാണൊരു
ചുടുകാടാ‍ണതു ചൊല്ലാതറിയാമല്ലോ.
മരത്തിന്‍പിന്നില്‍ കൊക്കുകള്‍ പിളര്‍ത്തിപ്പറന്നുവീണും
വിരവില്‍ വാങ്ങിയും വീണ്ടുമോങ്ങിയുമിതാ,
കാട്ടിടുന്നെന്തോ ശല്യങ്ങള്‍ കണ്ഠകോലാഹലത്തോടും
കാട്ടെലിവേട്ടയില്‍പ്പോലെ മലങ്കാക്കകള്‍
അഹഹ! കഷ്ടമിങ്ങിതാ കുനിഞ്ഞിരുന്നൊരു നാരി
സഹിയാത താപമാര്‍ന്നു കരഞ്ഞിടുന്നു,
കരവല്ലിയൊന്നില്‍ക്കാകതര്‍ജ്ജനത്തിനേന്തിയുള്ളോ-
രരയാല്‍ച്ചില്ലയാട്ടിയുമശ്രു വര്‍ഷിച്ചും.
കരിയും ചാമ്പലും‌പോലെ കറുത്തോരപ്പക്ഷികള്‍തന്‍
ചരിഞ്ഞ നോട്ടങ്ങള്‍ക്കേകശരവ്യമായി,
അരികില്‍ക്കാണുന്നു ചേലച്ചീന്തിനാല്‍ മറഞ്ഞു, നാല്പാ-
മരമരിഞ്ഞുകൂട്ടിയമാതിരിയേതോ.
അതുമല്ലവള്‍തന്‍ മുമ്പിലാല്‍ത്തരമേല്‍ നീണ്ടു രൂപ-
വിധുരമാമൊരു പിണ്ഡം വസ്ത്രവിദ്ധമായ്.
രുധിരാക്തമായി വില്പാനിറക്കിയിട്ട കുങ്കുമ-
പ്പൊതിപോലെ കിടക്കുന്നു പുതച്ചുമൂടി.
ന്ധടിതിയങ്ങിതാ പാരം ചാരുവായ് പ്രാംശുവായ് നിഴല്‍
പടിഞ്ഞാറു വീശുമൊരു ഭാസുരാകൃതി
നടക്കാവൂടെ വരുന്നു, ഭാനുമാനില്‍നിന്നു കാറ്റില്‍
കടപൊട്ടിപ്പറന്നെത്തും കതിരുപോലെ.
പാവനമാം മുഖപരിവേഷമാര്‍ന്ന മുഗ്ദ്ധയുവ-
ഭാവമോടും കൂറെഴും വാര്‍മിഴികളോടും
ആ വരും വ്യക്തി നൂനമൊരാരഹതനമാം, മെയ്യില്‍ മഞ്ഞ-
ച്ചീവരം കാണുന്നു, കൈയില്‍ച്ചട്ടി കാണുന്നു.
ഭിക്ഷതേടി വരികയില്ലിവിടെയിവനെന്നല്ലി-
ബ്ഭിക്ഷു പാശുപതനല്ല ചുടലപൂകാന്‍.
ഇക്ഷണം മുങ്ങുമാര്‍ക്കോകൈയേകുവാന്‍ പോന്നെന്നും തോന്നും
ദക്ഷതയും ത്വരയും ദാക്ഷിണ്യവും കണ്ടാല്‍.
ശരിശരി! പരദു:ഖശമനമോര്‍ത്തല്ലോ മറ്റും
ശരണത്രയീധനന്മാര്‍ ഭിക്ഷതെണ്ടുന്നു.
തിരഞ്ഞു രക്ഷനല്‍കുന്ന ദേവതകളല്ലോ സാക്ഷാല്‍
ധരണിയില്‍ നടക്കുമിദ്ധര്‍മ്മദൂതന്മാര്‍.
അടുക്കുന്നിതവന്‍, പറന്നകലുന്നുടന്‍ കാക്കകള്‍,
ഞടുങ്ങിയാ രംഗം കണ്ടു പകച്ചു ധന്യന്‍;
മടുത്തുനില്‍ക്കുന്നു, പിന്നമ്മഹിള മാഴ്കി വാണീടു-
മിടത്തെത്തുന്നു, കണ്ടവള്‍ സംഭ്രമിക്കുന്നു.
“ ‘വാസവദത്ത’ താനോയി വിപന്നമാം പ്രിയജനം?
നീ സദയം ചൊല്‍ക ഭദ്രേ, ‘ഉപഗുപ്തന്‍’ ഞാന്‍”
എന്നലിഞ്ഞുഴറിയവനുരയ്ക്കുന്നു പുതച്ചവള്‍-
തന്നരികില്‍ കിടക്കുമത്തറ്റിയെച്ചൂണ്ടി.
ഉടനപ്പിണ്ഡമനങ്ങാനൊരുങ്ങുനിതഹോ! പുറ-
പ്പെടുന്നു ഞരങ്ങി ശബ്ദം ദീനദീനമായ്.
മൃതസഞ്ജീവിനിയോയി വാക്‍സുധ,യിവന്റെ നാമ-
ചറ്റുരക്ഷരിതാനിത്ര ശക്തിയാര്‍ന്നതോ!
അഹഹ! മൃത്യുവിന്നിരുട്ടാഴിയില്‍ മുങ്ങിയ സത്ത്വം
മുഹൂരിന്ദ്രിയവാതിലില്‍ മുട്ടുകല്ലല്ലി!
തല നൂണുവരികല്ലീ, കൃമികോശംതന്നില്‍നിന്നു
ശലഭംകണക്കെ, ചേലച്ചുരുളില്‍നിന്നും?
അതുമല്ലഹോ! മുക്കാലും പാഴ്മുകില്‍ മുടി, വിഭാത-
മതി വീണു കിടക്കുന്നിങ്ങതില്‍ക്കാണുന്നു
ജടിലമാം കുറുനിര ചിന്നിടും ശ്വേതമാം വളര്‍-
നിടീലവും മയ്യഴിഞ്ഞ നേത്രയുഗ്മവും
അസംശയമൊരു നാരീമുഖംതാനിതാ നയനം
സുസംവൃതമാമീത്തനു വികലാംഗംതാന്‍
സസംഭ്രമം പഴക്കത്താല്‍ ഭ്രൂലതതാനുണന്നെന്തോ
പ്രസംഗിപ്പാനൊരുങ്ങുന്നു ഫലിക്കായ്കിലും.
ശരി,യസൂചനകണ്ടു ചീവരഖണ്ഡത്താല്‍ തോഴി-
യരികില്‍ കാക്ക തെണ്ടീടുമപ്പദാര്‍ത്ഥത്തെ
അധികം മൂടുന്നു വിരഞ്ഞപ്പുമാന്‍ കാണാതെ, ഹന്ത!
മൃതിയിലും മഹിളമാര്‍ മറക്കാ മാനം!
പഴുതേയാണഥവായിപ്പരിഭ്രമമെടോ തോഴി,
കഴിയാ നിനക്കിവന്റെ കണ്ണു മൂടുവാന്‍.
മറവില്‍ കിടക്കും ജന്മമൃതികാരണങ്ങള്‍പോലു-
മറിയും സൂക്ഷ്മദൃക്‌കാകുമാഹതനിവന്‍
കമ്പമെന്തിനതുമല്ലിയവയവഖണ്ഡങ്ങള്‍ നിന്‍-
മുമ്പണയും‌മുമ്പുതന്നെ കണ്ടുപോയിവന്‍
അമ്പിനോടുമിവയുടെയുടമസ്ഥയിക്കിടക്കും
ചമ്പകമേനിയാളെന്നും ഗ്രഹിച്ചുപോയി.
തുണിത്തുണ്ടില്‍ മായാതെ കാണുന്നു വെളിക്കൊടുവി-
ലണഞ്ഞ കോലരക്കിന്‍ ചാറുണങ്ങിപ്പറ്റി.
പാടലകോമളമായ പാദതാരും പരം നൃത്ത-
മാടിയയവാര്‍ന്ന ചാരു നരിയാണിയും,
കാഞ്ചനകിങ്കിണിത്തളകള്‍തന്‍ മൃദുകിണ-
ലാഞ്ച്ഛനരമ്യമാം പുറവടിയും പൂണ്ടു,
കാഴമ്പുമൊട്ടൊത്ത കണങ്കാല്‍ മുറികളിതാ മുട്ടിന്‍
താഴെച്ചോരയൊലിച്ചാര്‍ന്ന വേടുകളോടും.
അടുത്തുതാനതാ ഹന്ത! മയിലാഞ്ചിയണിഞ്ഞല്പം
തുടുത്തും തന്ത്രികള്‍ മീട്ടും തഴമ്പുപൂണ്ടും,
മൃദുമിനുസമാം നഖം‌മിന്നി നന്മണിമോതിര-
മതിചിരമണിഞ്ഞെഴും പാടുകള്‍ തങ്ങി,
കോമളമായ്ത്തുമ്പു കൂര്‍ത്ത വിരലേലും കരം കാണ്മൂ
ഹേമപുഷ്പം‌പോലെ രക്തകുങ്കുമാക്തമായ്.
കോള്‍മയിര്‍ക്കൊള്ളുമോര്‍ക്കുമ്പോള്‍ കഠിനമയ്യോ! മുറിച്ചു
ഭൂമിയിലെറിഞ്ഞതാരിപ്പൂവലംഗങ്ങള്‍!
ഹാ! മിന്നുന്നിപ്പോഴുമിവ-വില പരിച്ഛേദിച്ചില്ല
കാമരാജ്യത്തിങ്കല്‍ മുമ്പിക്കല്ലുകള്‍ക്കാരും
‘വാസവദത്ത’ താനിവള്‍, ഇവള്‍താന്‍ മലര്‍മുറ്റത്താ
വാസരാന്തത്തില്‍ നാം കണ്ട വിശ്വമോഹിനി.
ഹാ! സുഖങ്ങള്‍ വെറുംജാലം, ആരറിവൂ നിയതിതന്‍
ത്രാസുപൊങ്ങുന്നതും താനേ താണുപോവതും.
മലിനകന്ഥയാലംഗം മുറിച്ചോരുടല്‍ മുടിയ-
ന്നിലയിലിരുന്നോളിവള്‍ കിടപ്പായയ്യോ.
ഇലയും കുലയുമരിഞ്ഞിടവെട്ടി മുറിച്ചിട്ട
മലവാഴത്തടിപോലെ മലര്‍ന്നടിഞ്ഞു!
ചോരരാരുമിവളുടെ ചുവരു തുരന്നിടഞ്ഞി-
ഗ്ഘോരകൃത്യം ചെയ്തതല്ല, ധനമോഹത്താല്‍;
വാരുണീമത്തരാം വല്ല വിടരും കലഹത്തിലീ
വാരനാരിയാളെ വെട്ടിമുറിച്ചതല്ല;
സാരമാം മന്ത്രഭേദത്തില്‍ സംശയിതയായിവള്‍ക്കി-
ഗ്ഘോരശിക്ഷതന്‍ കോയിമ വിധിച്ചതല്ല.
എന്തിനന്യവിപത്തുകളഥവാ തേടുന്നു കഷ്ടം!
സ്വന്തവാളാല്‍ സ്വയംവെട്ടി നശിപ്പൂ മര്‍ത്ത്യര്‍!
ഒട്ടുനാള്‍മുമ്പിവളൊരു തൊഴിലാളിത്തലവന്റെ-
യിഷ്ടകാമുകിയായ് വാണു രമിച്ചിരുന്നു.
കഷ്ടകാലത്തിനപ്പോളക്കാളവണ്ടിയില്‍ നാം കണ്ട
ചെട്ടിയാരതിഥിയായ്ച്ചെന്നടുത്തുകൂടി.
പരിചയംകൊണ്ടു വിട്ടുപിരിയാതായവന്‍, പിന്നെ
പ്പരിചാരകന്മാര്‍ കാര്യം മറച്ചുവച്ചു.
അഭ്യസൂയയിരുവര്‍ക്കുമുളവാകാതൊഴിക്കുവാ-
നഭ്യസിച്ച തന്ത്രമെല്ലാമവര്‍ കാണിച്ചു.
ഒരുകാര്യം നിരൂപിച്ചാലൊരുവന്‍ കാമ്യന്‍, പിന്നെ മ-
റ്റൊരുകാര്യം നിനയ്ക്കുമ്പോള്‍ മറ്റവന്‍ മാന്യന്‍.
ഒരുവനെപ്പിരിവാനുമൊരുകാലത്തു രണ്ടാളെ
വരിപ്പാനും പണിയായി വലഞ്ഞു തന്വി.
ദിനങ്ങള്‍ ചിലതു പോയി, നടപടികളാല്‍ സ്നേഹം
തനിപ്പൊന്നല്ലെന്നുമാദ്യന്‍ സംശയിക്കയായ്
പരമസാധ്വിയില്‍പ്പോലും പുരുഷന്നു ശങ്ക തോന്നാം
പുരഗണികയില്‍പ്പിന്നെപ്പറയേണമോ?
കുപിതനാക്കിയാലവന്‍ കലക്കമുണ്ടാക്കും ഭാവി
വിപല്‍ക്കരമായും തീരുമവള്‍ക്കാ,കയാല്‍
മുഖം തെല്ലുകറുക്കുമോ മുഖ്യജാരനെ ക്രമേണ
പുകയുമഗ്നിബാണം‌പോലവള്‍ പേടിച്ചു.
പരിനാശകരമാമ’ത്തീക്കുടുക്ക’ പൊട്ടും‌മുമ്പേ
തിരിമുറിച്ചെറിയാതെ തരമില്ലെന്നായ്.
ശേഷമെന്തിനുരയ്ക്കുന്നിതവനിപ്പോളില്ല, സര്‍വ്വം
ജോഷമായ്, രണ്ടുമൂന്നുനാള്‍ കഴിഞ്ഞു കഷ്ടം!
തോഷവുമൊട്ടുവളാര്‍ന്നു, ഹന്ത! യിദ്ധൂര്‍ത്തയെച്ചൊല്ലി
യോഷമാരേ, നിങ്ങളെല്ലാം ലജ്ജിക്കാറുമായ്!
അഹഹ! സങ്കടാമോര്‍ത്താല്‍ മനുഷ്യജീവിതത്തെക്കാള്‍
മഹിയില്‍ ദയനീയമായ് മറ്റെന്തോന്നുള്ളു!
പുഷ്പശക്തിവഹിക്കുമിപ്പളുങ്കുപാത്രം വിരലാല്‍
മുട്ടിയാല്‍ മതി, തവിടുപൊടിയാമല്ലോ!
അതുമല്ല വിപത്തുകളറിയുന്നില്ലഹോ മര്‍ത്ത്യന്‍
പ്രതിബോധവാനെന്നാ പരിമോഹത്താല്‍.
ഊറ്റമായോരുരഗത്തിന്‍ ചുരുളിനെയുറക്കത്താല്‍
കാറ്റുതലയണയായേ കരുതൂ ഭോഷന്‍!
അതുപോകട്ടെ പാപത്തിന്‍ പരിണാമം കാണ്മിന്‍, നാടു
പ്രതികൂലമായ്, അവള്‍ തന്‍ തൊഴുത്തില്‍നിന്നും
ഒറ്റുകാര്‍ കുഴിച്ചവന്റെ വികൃതപ്രേതമെടുത്തു,
കുറ്റവാളിയായവളെബ്ബന്ധനംചെയ്തു.
ഫലിച്ചില്ല കടക്കണ്ണിന്‍പണിയും ധനത്തിന്‍ മുഷ്കു-
മുല്‍ച്ചിലറ്റന്നിരുന്ന ധര്‍മ്മപീഠത്തില്‍!
നിലപെറ്റ നേരിന്‍‌കാന്തി നീതിവാദപടുക്കള്‍തന്‍
വലിയ വാചാലതയില്‍ മറഞ്ഞുമില്ല.
ഹാ! മഹാപാപമിതിവള്‍ ചെയ്തുവല്ലോ! കടുപ്പമി-
ക്കോമളിമയെങ്ങു നെഞ്ചിന്‍ ക്രൌര്യമെങ്ങഹോ!
പ്രേമമേ, നിന്‍ പേരുകേട്ടാല്‍ പേടിയാം, വഴിപിഴച്ച
കാമകിങ്കരര്‍ ചെയ്യുന്ന കടുംകൈകളാല്‍.
വധദണ്ഡാര്‍ഹയവളെ വിധിജ്ഞനാം പ്രാഡ്വിവാക്ന്‍
വിധിച്ചപോലഹോ! പിന്നെ നൃപകിങ്കരര്‍,
കരചരണശ്രവണനാസികള്‍ മുറിച്ചു ഭൂ-
നരകമാം ചുടുകാട്ടിന്‍‌നടുവില്‍ തള്ളി.
ഹാ! മതിമോഹത്താല്‍ ചെയ്തു സാഹസമൊ, ന്നതിനിന്നി-
പ്പുമൃദുമേനിയാള്‍ പെറ്റും പാടു കണ്ടില്ലേ!
നാമവും രൂപവുമറ്റ നിര്‍ദ്ദയമാം നിയമമേ,
ഭീമമയ്യോ! നിന്റെ ദണ്ഡപരിപാടികള്‍!

മൂന്ന്

രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകള്‍
രിക്തമായ്; പ്രാണപാശമറുമാറായി;
അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാന്‍
പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!
അഥവായിവള്‍ക്കെഴുമിബ്ഭാവബന്ധബലത്താല്‍താന്‍
ശിഥിലമായ തല്പ്രാണന്‍ തങ്ങിനില്പതാം;
അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
ഗന്ധവാഹനെ?-രഹസ്യമാര്‍ക്കറിയാവൂ?
പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു
വിടര്‍ത്തും കണ്ണിലവന്റെ കാന്തി വീഴവേ
അവള്‍ തന്‍ പാണ്ഡുമുഖത്തിലന്തിവിണ്ണിലെന്നപോലെ-
യെവിടുന്നോ ചാടിയെത്തി രക്തരേഖകള്‍!
മരവിച്ചു മര്‍മ്മസന്ധിനിരയര്‍ക്ഷണമന്ത:-
കരണം വേദന വിട്ടു നില്‍ക്കവേ തന്വി
സ്മരിക്കുന്നു പൂര്‍വ്വരാഗമവനെ നോക്കിക്കണ്ണാല്‍ത്താന്‍
ചിരിക്കയും കരകയും ചെയ്യുന്നു പാവം
വിരഞ്ഞന്തര്‍ഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിന്‍
വിരുതം‌പോലെ മൃദുവായ് വ്യക്തിഹീനമായ്;
ഉരയ്ക്കുന്നുമുണ്ടവള്‍ താണുടന്‍ കൈകള്‍ പിന്നില്‍ ചേര്‍ത്താ-
ഞ്ഞരികില്‍ക്കുനിഞ്ഞു നില്‍ക്കുമവനോടേതോ.
അനുനാസികവികലമന്തരോഷ്ഠലീനദീന-
സ്വനമമ്മൊഴിയിതരശ്രാവ്യമല്ലഹോ!
അനുകമ്പ കലര്‍ന്നതിശ്രാവകന്‍ ശ്രവിപ്പൂ, നമു-
ക്കനുമിക്കാമവനോതുമുത്തരങ്ങളാല്‍;
“ഇല്ല, ഞാന്‍ താമസിച്ചുപോയില്ലെടൊ സരളശീലേ-
യല്ലല്‍ നീയിന്നെന്നെച്ചൊല്ലിയാര്‍ന്നിടായ്കെടോ,
ശോഭനകാലങ്ങളില്‍ നീ ഗമ്യമായില്ലെനിക്കു, നിന്‍
സൌഭഗത്തില്‍ മോഹമാര്‍ന്ന സുഹൃത്തല്ല ഞാന്‍.
അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമപ്രണയത്തി-
ന്നുറവൊന്നു നിങ്ങള്‍ക്കാമ്പിലൂറി നിന്നതും.
മുറയോര്‍ക്കുമ്പോളതു നിന്‍ മഹിതഗുണമെന്നോര്‍ത്തു
നിറയുന്നുണ്ടെനിക്കുളില്‍ നന്ദിതാനുമേ;
പരമവിപത്തിങ്കലും പരിജനം നിന്നെ വിട്ടു-
പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു,
ചൊരിയുമിക്കണ്ണുനീര്‍ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയ്യുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നിന്‍ സ്ഥിരദാക്ഷിണ്യശീലത്തെ-
യുരചെയുന്നുണ്ടതും ഞാനോര്‍ക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുര്‍-
ന്നിയതിയാല്‍ ഘോരകൃത്യം ചെയ്തുപോയല്ലോ!
ദയനീയം, നീയിയന്ന ധനദാഹവും സൊന്ദര്യ
സ്മയവും ഹാ! മുഗ്‌ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!
അതിചപലമീയന്ത:കരണം ലോകഭോഗങ്ങള്‍
പ്രതിനവരസങ്ങളാല്‍ ഭൂരിശക്തികള്‍.
ഗതിയെന്തു ജന്തുക്കള്‍ക്കി-രതിരോഷമോഹങ്ങളാല്‍
ജിതലോകമാ’മവിദ്യ’ ജയിച്ചീടുന്നു.
അതു നില്‍ക്ക, വിപത്തിതൊരരതുലാനുഗ്രഹമായ് നീ
മതിയിലോര്‍ക്കണം സഖീ, -എന്തുകൊണ്ടെന്നോ?
ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിന്‍ ചലത്വവും
രതിസമാനരൂപത്തില്‍ രിക്തതയും നീ?
സാരമില്ലെടോ, നിന്‍ നഷ്ടം സഹജേ നൊടിയില്‍ ഗുരു-
കാരുണിയാല്‍ നിനക്കിന്നു കൈക്കലാമല്ലോ.
ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും
മാരനെയ്താല്‍ മുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി
വരും, നിന്റെ വാര്‍നെറുക ഞാന്‍ തലോടുവന്‍.
ചിരകാലമഷ്ടമാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധപാദപത്മം തുടച്ച കൈയാല്‍.”
എന്നലിഞ്ഞവന്‍ കരതാരവള്‍തന്‍ പൂവല്‍നെറ്റിമേ-
ലൊന്നുചേര്‍ക്കുന്നങ്ങവള്‍ക്കു ചീര്‍ക്കുന്നു രോമം,
ഖിന്നമുഖിയാമവള്‍തന്‍ കെടുന്ന സംജ്ഞ വിരലാ-
ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.
തുടരുന്നൂ മൊഴിയവന്‍, “ശരി, സോദരി, ഞാന്‍ സ്വയം
മടിച്ചുതാന്‍ മുമ്പു വന്നു നിന്നെ മീളുവാന്‍;
കുശലമാര്‍ഗ്ഗങ്ങളന്നു കേള്‍ക്കുമായിരുന്നില്ല നീ,
വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം
വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ
വാസപവിത്രങ്ങളാണീ വാസരങ്ങള്‍ ഭൂവില്‍, നമ്മള്‍
വാസവദത്തേ, കരഞ്ഞാല്‍ വെടിപ്പല്ലെടോ.
മംഗലേതരകര്‍മ്മത്തഅല്‍ മലിന നീശുഭം, നമ്മള്‍
സംഗതിയില്ലെന്നെന്‍ സഖി, സംശയിക്കല്ലേ.
അംഗുലീമലനുപോലുമാര്‍ഹതപദമേകിയ
തുഗമാം കരുണയെ നീ വിശ്വസിച്ചാലും.
സത്യമോര്‍ക്കുകില്‍ സംസാരയാത്രയില്‍ പാപത്തിന്‍ കഴല്‍
കുത്തിടാതെ കടന്നവര്‍ കാണുകില്ലെടോ.
ബദ്ധപങ്കമായോടുന്നിതൊരുകാലം നദി പിന്നെ
ശുദ്ധികലര്‍ന്നൊരു കാലം ശോഭതേടുന്നു.
കലമില്ല നിനക്കെന്നും കരള്‍ കാഞ്ഞു വൃഥാ മതി-
ശാലിനി, മാഴ്കൊല്ല, ചിരഞ്ജീവികള്‍ക്കുമേ,
ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളില്‍ ജ്വലിപ്പാനും
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.
ഭുക്തഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-
മുക്തയായി, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക!”
താണുനില്‍ക്കുന്നങ്ങനെയബ്ഭിക്ഷു വിവക്ഷുവായുടന്‍,
ക്ഷീണതയാല്‍ മങ്ങിയ വാര്‍മിഴികള്‍ വീണ്ടും
കോണടിയോളവും തുറന്നവഹിതായമ്പോടു-
മേണനേത്രയാളവനെയൊന്നു നോക്കുന്നു.
കരതലമുയര്‍ത്തിക്കാര്‍ചികുരതന്‍ ശിരസ്സില്‍ വെ-
ച്ചുരചെയ്യുന്നു വാക്കലിഞ്ഞമ്മുനീശ്വരന്‍,
ശരണരത്നങ്ങള്‍ മൂന്നും ചെവിയിലേറ്റുടനന്ത:-
കരണത്തിലണിഞ്ഞവള്‍ കാന്തി തേടുന്നു.
നിറഞ്ഞു തലക്ഷണമൊരു നവതേജസ്സു മുഖത്തില്‍
മറഞ്ഞുപോയ് മുമ്പു കണ്ട ശോകരേഖകള്‍
പറയാവതല്ലാത്തൊരു പരമശാന്തിരസത്തി-
ന്നുറവായവള്‍ക്കു തോന്നിയവളെത്തന്നെ.
ക്ഷണമുടല്‍ കുളുര്‍ത്തഹോ! ചലിച്ചു സിരകള്‍, രക്തം
വ്രണമുഖങ്ങളില്‍ വാര്‍ന്നൂ വീതവേദനം.
സ്ഫുരിച്ചു ബാഷ്പബിന്ദുക്കളവള്‍ക്കു വെണ്‍കുടക്കണ്ണി-
ലുരച്ച ചെറുശംഖില്‍ത്തൂമുത്തുകള്‍പോലെ.
തിരിയേയുഅവളുപഗുപ്തനെയൊന്നുപകാര-
സ്മരണസൂക്തങ്ങള്‍ പാടും മിഴിയാല്‍ നോക്കി.
ചരിതാര്‍ത്ഥനവനവള്‍ ചൊരിഞ്ഞോരശ്രുബിന്ദുകൈ-
വിരലാല്‍ തുടച്ചു വാങ്ങി നിവര്‍ന്നു നിന്നു.
പരം പിന്നെയുഴന്നെങ്ങും മിഴികളൊന്നുഴിഞ്ഞങ്ങ-
ത്വരയിലവള്‍ ജീവിച്ചശുദ്ധിതേടീടും
ക്ഷണത്തില്‍ ചെന്നു ഞെരുങ്ങി പ്രപഞ്ചം നിന്നഹോ! ഹിമ-
കണത്തില്‍ ബിംബിച്ചുകാണും കാനനം‌പോലെ.
പരിസരമതിലവള്‍ പിന്നെയും കണ്ടാള്‍ തന്നിഷ്ട-
പരിചാരികയാല്‍ വീണ്ടും പരിഗുപ്തങ്ങള്‍.
അപാകൃതങ്ങളഅകുമായംഗകങ്ങള്‍, സ്വയം കര്‍മ്മ-
വിപാകവിജ്ഞാനപാഠപരിച്ഛദങ്ങള്‍.
കൃതകോപനൊരു ശിശു കളിയില്‍ ഭഞ്ജിച്ചെറിഞ്ഞ
പതംഗികാംഗങ്ങള്‍പോലെ ദയനീയങ്ങള്‍.
തിരിയെ നോക്കുന്നിതവളതുകള്‍ സാകൂതമായും
നിരുദ്വേഗമായും ഹാ! നിര്‍മ്മമതമായും
യമുനയിലിളംകാറ്റു തിരതല്ലി ശാഖ ചലി-
ച്ചമരസല്ലാപം കേള്‍ക്കായരയാലിന്മേല്‍;
താണുടനേ രണ്ടു നീണ്ട ഭാനുകിരണങ്ങളങ്ങു
ചേണിയന്ന കനകനിശ്രേണിയുണ്ടാക്കി;
അതു നോക്കുക്കുതുകമാര്‍ന്നമലവിസ്മയസ്മേര-
വദനയാമവള്‍ക്കഹോ; ശാന്തശാന്തമായ്,
അര്‍ദ്ധനിമീലിതങ്ങളായുപരി പൊങ്ങീ മിഴിക-
ളൂര്‍ദ്ധ്വലോകദിദൃക്ഷയാലെന്നപോലെതാന്‍.
പാവക, നീ ജയിക്കുന്നു പാകവിജ്ഞാനത്തഅല്‍ നശ്യ-
ജ്ജീവലോകം തേടുമിന്നോ നാളെയോ നിന്നെ;
തൂലകര്‍ണത്തൊടില്ല നനഞ്ഞാല്‍; ചൂടാല്‍ വരണ്ട
ബാലരംഭയെക്കര്‍പ്പൂരഖണ്ഡമാക്കും നീ!
പരിനിര്‍വ്വാണയായ തന്‍ പ്രിയസ്വാമിനിയെ നോക്കി-
പ്പരിചാരിക വാവിട്ടു വിളിച്ചുകേണു,
പരിചിലന്തസ്സമാധി ശിഥിലമാക്കിത്തിരിഞ്ഞ-
പ്പരമോദാരനവളെസ്സാന്ത്വനംചെയ്തു.
ഉപചയിച്ചംഗംഎല്‍ലാമുടനവര്‍ കൊണ്ടുപോയ-
ങ്ങുപനദീതടമൊരു ചിതമേല്‍ വെച്ചു.
ഉപരിയെന്തുരപ്പൂ! കേണുഴലുമത്തോഴിതന്നെ
ഉപഗുപ്തനൊരുവിധം പറഞ്ഞയച്ചു.
ഹാ! മിഴിച്ചുനിന്നവനങ്ങമ്മഥുരയിലെ മുഖ്യ-
കാമനീയകത്തിന്‍ ഭസ്മകദംബം കണ്ടു!
ആ മഹാന്റെ കണ്ണില്‍ നിന്നാച്ചാമ്പലിലൊരശ്രുകണം
മാമലകീഫലമ്പോലെയടര്‍ന്നുവീണു.
ഉല്‍ക്കടാശോകതിക്തമല്ലോര്‍ക്കുകിലന്നയനാംബു,
‘ദു:ഖസത്യ’ജ്ഞനദ്ധീരന്‍ കരകയില്ല.
തല്‍കൃതാര്‍ത്ഥതാസുഖത്തേന്‍തുള്ളിയല്ലതു-ജന്തുവി-
ന്നുല്‍ക്രമണത്തില്‍ മോദിക്കാ ഹൃദയാലുക്കള്‍.
ക്ഷിപ്രസിദ്ധി കണ്ടു തൂര്‍ന്ന വിസ്മയരസവുമല്ല-
തദ്ഭുതചാപലം ഹേതുദര്‍ശിയാര്‍ന്നിടാം.
കരുതാം മറ്റൊന്നല്ലതു ‘കരുണ’തന്‍ കയത്തിലെ-
പ്പരിണതോജ്ജ്വലമുക്താഫലമല്ലാതെ.
ഉടനെയന്നു താന്‍ ചെയ്ത ശുഭകര്‍മ്മത്തിന്‍ മഹത്ത്വം
കടുകോളം മതിയാതെ ഗളിതഗര്‍വ്വന്‍
ചുടുകാടു വിട്ടു പിന്നശ്ശുചിവ്രതന്‍ വന്നവഴി
മടങ്ങിപ്പോകുന്നു ചിന്താമന്ദവേഗനായ്.
നമസ്കാരമുപഗുപ്ത, വരിക ഭവാന്‍ നിര്‍വ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.

അനുശോചനം – കുമാരനാശാന്

വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,
ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍
ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,
മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ
അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.
വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?
ചത്തവര്‍ക്കു കണക്കില്ലെയെന്നാലും
എത്ര പാര്‍ത്തു പഴകിയതാകിലും
ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.
അന്ത്യശയ്യയിലുമമ്മഹാന്‍‌തന്നെ-
ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍
സത്യമോര്‍ക്കില്‍ മരണം‌മുതല്ക്കുതാ-
നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍
എത്തുകില്ല കളങ്കം യശസ്സിലും.

(വനമാല എന്ന സമാഹാരത്തിലെ കവിതകള്‍)

നളിനി – കുമാരനാശാന്‍

ഭാഗം 1
-1-
നല്ല ഹൈമവതഭൂവില്‍, -ഏറെയായ്
കൊല്ലം – അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗി യേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.

-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും.

-3-
പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവന്‍

-4-
തല്പരത്വമവനാര്‍ന്നിരുന്നു തെ-
ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,

-5-
ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി-
ല്ലത്ര നൂനമൊരു സാര്‍വഭൌമനില്‍
ചിത്തമാം വലിയ വൈരി കീഴമര്‍
ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍

-6-
ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍
വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലെവേ.

-7-
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.

-8-
പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയില്‍
കണ്ടവന്‍ കുതുകമാര്‍ന്നു തെന്നലില്‍
തണ്ടുലഞ്ഞു വിടരുന്ന താരുകള്‍

-9-
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.

-10-
ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികള്‍ ഹരിക്കുമാരെയും.

-11-
എന്നുമല്ല ശുഭരമ്യഭൂവിവര്‍-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാര്‍ന്നൊരു നിസര്‍ഗ്ഗജം രസം

-12-
ആകയാല്‍ സ്വയമകുണ്ഠമാനസന്‍
പോകയാമതു വഴിക്കു തന്നിവന്‍,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.

-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-
റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.

-14-
എന്തുവാന്‍ യമിയിവണ്ണ മന്തരാ
ചിന്തയാര്‍ന്നതഥവാ നിനയ്ക്കുകില്‍,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.

-15-
അപ്പൊമാന്റെയകമോളമാര്‍ന്ന വീര്‍-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയില്‍
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാള്‍ക്കു തിരതല്ലി ഹൃത്തടം.

-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-
ചിന്തുമീറനൊടു പൊയ്കതന്‍‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.

-17-
കണ്ടതില്ലവര്‍ പരസ്പരം, മരം-
കൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍,
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!

-18-
ആ തപോമൃദിതയാള്‍ക്കു തല്‍ക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.

-19-
ആശപോകിലുമതിപ്രിയത്തിനാല്‍
പേശലാംഗിയഴലേകുമോര്‍മ്മയില്‍
ആശ വായുവില്‍ ജരല്‍‌പ്രസൂനയാ-
മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.

-20-
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാല്‍
ഓമനച്ചെറുമൃണാളമെന്നപോല്‍
വാമനേത്രയുടെ വാമമാം കരം.

-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാര്‍ന്നു വാടിനാള്‍,
എന്തിനോ?-കുലവധൂടികള്‍ക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!

-22-
ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവള്‍,
കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.

-23-
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൌരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?

-24-
കൃച്ഛ്‌റമായിവള്‍ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൌഹൃദരിവള്‍ക്കു തുല്യരാം,
അച്ഛനും ജനനിതാനുമാര്‍ത്തിയാ-
ലിച്ഛയാര്‍ന്നു മൃതിതാന്‍ വരിച്ചുപോല്‍.

-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാള്‍.
ഗേഹവും സുഖവുമൊക്കെവിട്ടു താന്‍-
സ്നേഹമോതി, യതുചെയ്തതാണിവള്‍.

ഭാഗം 2
-26-
സ്നിഗ്ദ്ധമാരിവളെയോര്‍ത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാന്‍ ചിരം
മുഗ്ദ്ധതന്‍ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കള്‍ വാണുതാന്‍.

-27-
ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാള്‍
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാന്‍ ഭഗവദര്‍ച്ചനാര്‍ഹമാം.

-28-
ജീവിതാശകള്‍ നശിച്ചു, വാടിയുള്‍-
പൂവു, ജീവഗതിയോര്‍ത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവള്‍.

-29-
ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാള്‍
കാന്ത, യിന്നടിതകര്‍ന്ന സേതുപോല്‍
ദാന്തിയറ്റു ദയനീയയായിതേ.

-30-
ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാന്‍
ഹാ! മനുഷ്യനഥവാ ഹിതാര്‍ത്ഥമായ്
വാമലീല തുടരുന്നതാം വിധി.

-31-
മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാല്‍
ദീനയായ് ഗതിതടഞ്ഞു, വേനലില്‍
ശ്യാമയാം തടിനിപോലെ തന്വിയാള്‍.

-32-
നൊന്ത ചിത്തമൊടു നിന്നു കണ്ണുനീര്‍
ചിന്തി ഹൈമനസരോജമൊത്തവള്‍
സന്തപിച്ചു-വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും.

-33-
ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാന്‍
സന്നഹിച്ചഥ സരസ്സില്‍ നോക്കിയാ-
സ്സന്നധെര്യ തനിയേ പുലമ്പിനാള്‍.

-34-
“സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തല്‍ക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും.

-35-
സന്തതം മിഹിരാത്മശോഭയും
സ്വന്തമാമ്മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”

-36-
കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം
പാട്ടിലാക്കി യപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാര്‍ന്നു കൌതുകം.

-37-
വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവന്‍.

-38-
“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങള്‍ തന്‍
പൂവെഴും തല തളര്‍ത്തശാഖയും

-39-
കാണി നിന്നവിടെയിത്ഥമാസ്ഥയാല്‍
കാണുവാനുഴറി, കണ്ഠരീതിയാല്‍
പ്രാണസൌഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി-

-40-
‘വന്യഭൂമിയില്‍ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാന്‍ മലിനമേനിയല്ലെടോ’.

-41-
കഞ്ജലീനഖഗരാഗമെന്നപോല്‍
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവന്‍
കഞ്ജിനീതടമണഞ്ഞു നോക്കിനാന്‍.

-42-
ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാല്‍
കാഞ്ഞു, കാണ്‍‌മതു മനോരഥങ്ങളാല്‍
മാഞ്ഞു തന്‍‌നില മറന്നു നിന്നവള്‍.

-43-
‘ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവള്‍?
മാഴ്കിടുന്നു, ദയതോന്നും- ‘എന്നലി-
ഞ്ഞേകയാമവളെ നോക്കിനാന്‍ യമി.

-44-
അപ്പൊഴാശു തനിയെ വിടര്‍ന്നവള്‍-
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകള്‍
ഉള്‍പ്രമോദമഥ വേലിയേറ്റമാര്‍-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!

-45-
ദൂരെ നിന്ന് യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവള്‍
പാരമിഷ്ടജനരൂപമോരുവാന്‍
നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം.

-46-
ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവള്‍
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോല്‍.

-47-
‘അന്‍പിനിന്നു ഭഗവന്‍, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാന്‍’
വെമ്പിയേവമവളോതി, യോഗിതന്‍-
മുന്‍പില്‍ വീണു മൃദുഹേമയഷ്ടിപോല്‍.

-48-
ഒറ്റയായിടകുരുങ്ങി വാച്ച തന്‍
കുറ്റവാര്‍കുഴലു തലപദങ്ങളില്‍
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാല്‍
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍.

-49-
ഉന്നിനിന്നു ചെറുതുള്‍ക്കുരുന്നിനാല്‍
ധന്യയെപ്പുനരനുഗ്രഹിച്ചുടന്‍,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാല്‍ യമി.

-50-
സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലര്‍ന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവള്‍.

ഭാഗം 3
-51-
മാറില്‍ നിന്നുടനിഴിഞ്ഞ വല്‍ക്കലം
പേറിയാശു പദരേണു തൊട്ടവള്‍
കൂറൊടും തലയില്‍ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാള്‍.

-52-
‘എന്തുവാനഭിമതന്‍ കഥിക്കുമോ?
എന്തുവാന്‍ കരുതുമോ മഹാനിവന്‍?’
ചിന്തയേവമവളാര്‍ന്നു; തുഷ്ടിയാല്‍
ഹന്ത! ചെയ്തു യമി മൌനഭേദനം.

-53-
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാല്‍
തുംഗമോശ്മിയലുന്നു ഞാന്‍ ശുഭേ
എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദര്‍ശനേ?’

-54-
എന്നുരച്ചു പുനരുത്തരോല്‍കനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

-55-
‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെന്‍പ്രിയനറിഞ്ഞതില്ലിവന്‍!
സന്നവാസനനഹോ മറന്നുതാന്‍
മുന്നമുള്ളതഖിലം മഹാശയന്‍.‘

-56-
ഏവമോര്‍ത്തുമഥ വീര്‍ത്തുമാര്‍ന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാള്‍-

-57-
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോല്‍
മൃഷ്ടനായിഹ ഭവാന്‍; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാന്‍ മഹാമതേ!

-58-
പ്രാണനോടുമൊരുനാല്‍ ഭവല്‍‌പദം
കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍
കേണുവാണിവിടെ, യേകുമര്‍ഥിയാം
പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.

-59-
സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍
തന്നെയോര്‍ത്തിഹ തപസ്സില്‍ വാണു ഞാന്‍
ധന്യയായ് സപദി കണ്‍‌കമൂലമ-
ങ്ങെന്നെ യോര്‍ക്കുകിലു മോര്‍ത്തീടായ്കിലും.”

-60-
ഏവമോതിയിടരാര്‍ന്നു കണ്ണുനീര്‍
തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.
ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.

-61-
ധീരനായ യതി നോക്കി തമ്പിതന്‍
ഭൂമിബാഷ്പപരിപാടലം മുഖ,
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍
ധാരയാര്‍ന്ന പനിനീര്‍സുമോപമം.

-62-
ആരതെന്നുടനറിഞ്ഞു കൌതുകം
പാരമാര്‍ന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേര്‍-
ന്നോരുവാക്കരുളിനാന്‍ കനിഞ്ഞവന്‍.

-63-
“പാരവും പരിചയംകലര്‍ന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയില്‍ നീയുമിപ്പൊള്‍ നിന്‍
ദൂരമാം ഭവനവും വരുന്നയേ!

-64-
കണ്ടുടല്‍ സ്വയമറിഞ്ഞിടാത്തതോര്‍-
ത്തിണ്ടല്‍‌വേണ്ട സഖി! കേണിടേണ്ട മകള്‍,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാന്‍, സപദി വല്ലിയായി നീ

-65-
എന്നില്‍ നിന്നണുവുമേല്‍ക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.

-66-
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാര്‍ന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:

-67-
ഓര്‍തുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേള്‍ക്കുവതൊരര്‍ത്ഥമേതിനോ
നീ തുനിഞ്ഞു-നിജകര്‍മ്മനീതരാ-
യേതുമാര്‍ഗ്ഗമിയലാ ശരീരികള്‍!

-68-
പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോര്‍ത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികള്‍.“

-69-
മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാള്‍
ലോലകണ്ഠമതിലേലലോചന.

-70-
നവ്യമാം പരിധിയാര്‍ന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവള്‍ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാള്‍.

-71-
പാരമാശു വിളറിക്കറുത്തുടന്‍
ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ
നാരിതന്‍ കവിള്‍ നിറം കലര്‍ന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോല്‍.

-72-
തെല്ലുനിന്നരുണകാന്തിയില്‍ കലര്‍-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാര്‍ന്നു മൃദുഹാസമശ്രുവും
ചൊല്ലിനാള്‍ മൊഴികള്‍ ചാരുവണിയാള്‍

-73-
“ആര്യ! മുന്‍പരിചയങ്ങള്‍ നല്‍കിടും
ധൈര്യമാര്‍ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേള്‍ക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?

-74-
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി-
ത്താരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍.

-75-
ആഴുമാര്‍ത്തിയഥവാ കതിക്കിലീ-
യൂഴമോര്‍ത്തിടുമതന്യഥാ ഭവന്‍,
പാഴിലോതിടുകയോ വിധിക്കു ഞാന്‍
കീഴടങ്ങി വിരമിക്കയോ വരം?

ഭാഗം 4
-76-
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!

-77-
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെന്‍ ഹൃദയമായനോരുകില്‍
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാന്‍
പറ്റുകില്ലറിക മണ്ണില്‍ വിള്ളിലും”

-78-
ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതന്‍ മുഖാംബുജം
പാവനം പരിചില്‍ നോക്കിനാള്‍, അവന്‍
കേവലം കരുണയാര്‍ന്നു ചൊല്ലിനാന്‍!-

-79-
“അന്യഥാ മതിവരില്ലെനിക്കു നിന്‍
മന്യുവിങ്കല്‍ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികള്‍.

-80-
ആടലൊട്ടവള്‍ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതന്‍ നടുവിലും സുമര്‍ത്തുവില്‍
പാടീടും കുയിലുപോലെ, ചൊല്ലിനാള്‍-

-81-
“വന്നു വത്സല, ഭവാന്‍ സമക്ഷമാ-
യിന്നു, ഞാന്‍ വ്യഥ മറന്നതോര്‍ക്കയാല്‍,
എന്നുമല്ല, കരുതുന്നു വീട്ടില്‍ നാ-
മന്നു വാണതു തുടര്‍ന്നുപോല്‍ മനം.

-82-
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.

-83-
ഭൂമിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുനതിന്‍-
പാരെ നാമെഴുമെഴുത്തുപള്ളിയും.

-84-
ഓര്‍ത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാര്‍ത്തു ചിത്രശലഭം പറന്നതും
പാര്‍ത്തുനിന്നതു മണഞ്ഞു നാം കരം
കോര്‍ത്തു കാവിനരികേ നടന്നതും.

-85-
പാടുമാണ്‍‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.

-86-
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാലകെട്ടിയെന്‍
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും.

-87-
എണ്ണിടുന്നൊളിവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണാങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും.

-88-
എന്തിനോതുവതതോര്‍ക്കിലാ രസം
ചിന്തുമെന്‍ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യന്‍, ഏകിലാ-
മന്തരായമെതിര്‍വാത്യപോലിവള്‍.

-89-
പോട്ടെ-എന്‍ സഹചരന്‍ വിയുക്തനായ്
നാട്ടില്‍ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗര്‍ജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാന്‍.

-90-
പിന്നെയെന്‍ പ്രിയപിതാക്കള്‍ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാന്‍ വിടാതെയും.

-91-
ഹര്‍ഷമേകുവതിനച്ഛനേറെ നി-
ഷ്കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്,
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലുപോലെ ഞാന്‍

-92-
ഓര്‍ത്തിടായ്കിലുമഹോ! യുവത്വമെന്‍-
മൂര്‍ത്തിയാര്‍ന്നഥ വലഞ്ഞിതേറെ ഞാന്‍
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകള്‍, കാലമെത്തിയാല്‍

-93-
ഓതുവാനമുതെനിക്കു പിനെ,യെന്‍-
തതനോര്‍ത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോല്‍
കാതരാശയ കുഴങ്ങി വീണു ഞാന്‍.

-94-
ആഴുമമ്പൊടതി സ്വാന്തമോതുമെന്‍
തോഴിമാരെയുമെഴിച്ചു ഞാന്‍ പരം
വാഴുമൌഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികള്‍.

-95-
ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാന്‍
ധ്വാന്തവും ഭയവുമോര്‍ത്തിടാതുടന്‍
ഞാന്‍ തടാകതടമെത്തി രാത്രിയില്‍”.

-96-
വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയന്‍,
ഏകിനാന്‍ ചെവിയവന്‍, സഗദ്ഗദം
ശോകമാര്‍ന്നു കഥ പിന്‍‌തുടര്‍ന്നവള്‍.

-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടിയമമൂര്‍ത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാന്‍

-98-
തിണ്ണമായിരുളില്‍നിന്നും വിശ്വസി-
ച്ചെണ്ണിനേന്‍ ഝടിതി ഭൂതഭാവികള്‍,
വിണ്ണില്‍ ഞാനൊടുവില്‍ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങള്‍ കാണ്‍‌കയാല്‍,

-99-
‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോര്‍ത്തിടാ
അത്യനര്‍ത്ഥവശ ഞാന്‍ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാന്‍.

-100-
ഓര്‍ത്തുപിന്നുടനഗാധതോയമാം
തീര്‍ത്ഥസീമയിലിറങ്ങിയങ്ങു ഞാന്‍
ആര്‍ത്തിയാല്‍ മൊഴിയിലോ മനസ്സിലോ
പ്രാര്‍ത്ഥിതം ചരമാമവമോതിനാന്‍.

ഭാഗം 5
-101-
‘ജീവിതേശനെയനുഗ്രഹിക്ക, വന്‍-
ഭൂവിലുണ്ടു ഗിരിജേ! വലഞ്ഞുടന്‍
ഈവിധം തുനിവതാമശക്ത ഞാന്‍
ദേവി, നിന്‍പദമണയ്ക്കയംബികേ!

-102-
കാണുകില്‍ പുളകമാം കയത്തില-
ങ്ങാണുകൊള്‍വതിനുടന്‍ കുതിച്ചു ഞാന്‍,
ക്ഷോണിയില്‍ പ്രണയപാശമറ്റെഴും
പ്രാണികള്‍ക്കു ഭയഹേതുവേതുവാന്‍?

-103-
ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.

-104-
സത്വരം പടലി നീങ്ങിയാഴുമെന്‍
കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.

-105-
അമ്പിയന്നു ഭയമൊക്കെ നീക്കിയൊ-
ന്നിമ്പമേകിയവള്‍ നോക്കി സുസ്മിത,
മുമ്പിലപ്പൊഴുതുദിച്ചുപൊങ്ങിടു-
ന്നമ്പിളിക്കെതിരഹോ നതാംഗിയാള്‍!

-106-
നിഷ്ഠപൂണ്ടരികില്‍ വണിരുട്ടിലെന്‍
ധൃഷ്ടമാം തൊഴിലു കണ്ടുയോഗിനി,
ഇഷ്ടമായ മൃതിയെത്തടഞ്ഞു ഹാ!
ഭിഷ്ടമെങ്ങിനെ യൊരാള്‍ക്കതേ വരൂ.

-107-
കെട്ടിയാഞ്ഞു കരയേറ്റിയാശു കൈ-
വിട്ടു നിന്നു കഥ ചോദിയാതവള്‍
ഒട്ടതെന്‍ പ്രലപനത്തില്‍ നിന്നറി-
ഞ്ഞൊട്ടറിഞ്ഞു നിജ വൈഭവങ്ങളാല്‍.

-108-
ഈറനമ്പൊടു പകര്‍ന്നു വല്‍ക്കലം
മാറിയാ മഹതിയെത്തുടര്‍ന്നു ഞാന്‍
വേറുമെയ് നിയതി നല്‍കുടുന്നതും
പേറിയങ്ങനെ പരേത ദേഹിപോല്‍.

-109-
അധ്വഖേദമറിയാതവാറു ചൊ-
ന്നത്തപോധന കനിഞ്ഞ വാര്‍ത്തകള്‍
എത്തി ഞങ്ങളൊരു കാട്ടിലും ദ്രുതം
ചിത്രഭാനുവുദയാചലത്തിലും.

-110-
അന്തരംഗഹിതനാം ഭവാനൊഴി-
ഞ്ഞന്തികത്തില്‍ വനശോഭ കാണവേ
സന്തപിച്ചവള്‍ പരം, രമിക്കയി-
ല്ലെങ്കിലും പ്രണയഹീനമാനസം

-111-
കീര്‍ത്തനീയഗുണയെന്നെ നിര്‍ഭയം
ചേര്‍ത്തു ഇന്നെയവളിത്തെപോവനം,
ആര്‍ത്തിയെങ്കിലുമതീവ ധന്യയെ-
ന്നോര്‍ത്തിയ്താര്യനെ യനുപ്രയാത ഞാന്‍

-112-
ഒത്തു ഞങ്ങളുടജത്തിലുന്നില്‍ വാ-
ണത്യുദാരമഥ വിദ്യയും സ്വയം
വിത്തിനായ് മുകിലു വൃഷ്ടിപോലെയാ-
സിദ്ധയോഗിനിയെനിക്കു നല്‍കിനാള്‍.

-113-
പഞ്ചവൃത്തികളടക്കിയന്വഹം
നെഞ്ചുവച്ചുരുതപോമയം ധനം
സഞ്ചയിപ്പതിനു ഞാന്‍ തുടങ്ങി, പി-
ഞ്ഞഞ്ചുവട്ടമിഹ പുത്തു കാനനം.

-114-
കാമിതം വരുമെനിക്കു വേഗമെ-
ന്നാ മഹാമഹതി ചെയ്തനുഗ്രഹം,
പ്രേമമാര്‍ന്ന ഗുരുവിന്‍ പ്രസാദമാം
ക്ഷേമമൂലമിഹ ശിഷ്യലോകരില്‍

-115-
മംഗലാശയ! കഴിഞ്ഞു രണ്ടു നാ-
ളിങ്ങ്നു പിന്നെയനിമിത്തമെന്തിനോ,
പൊങ്ങിടുന്നു സുഖമാര്‍ന്നുമന്തരാ
മങ്ങിടുന്നു ഭയമാര്‍ന്നുമെന്മനം

-116-
സ്വൈരമായ മുഹുരുദിച്ചിടുന്നു ദുര്‍-
വ്വാരമെന്റെ മതിയില്‍, തപസ്യയില്‍
കൌരിയോടരിയ പുഷ്പഹേതിതന്‍
വൈരിയായ വടുവിന്‍ സമാഗമം.

-117-
ഇന്നലെ ബ്ഭഗണമദ്ധ്യഭൂവില്‍ ഞാന്‍
നിന്നു കൂപ്പിയ വസിഷ്ഠഭാമിനി
വന്നു നിദ്രയതില്‍ “ഏല്‍ക്ക നിന്‍ പ്രിയന്‍
വന്നു’ എന്നരുളിനാള്‍ ദയാവതി”

-118-
എന്നു ചൊല്ലി വിരമിച്ചു, തന്മുഖം
നിന്നു നോക്കി, നെടുമാര്‍ഗ്ഗഖിന്നയായ്
എന്നപോല്‍, ഭരമകന്നപോലിള-
ച്ചൊന്നു തമ്പി നെടുവീര്‍പ്പിയന്നവള്‍

-119-
ഭാവമൊട്ടുടനറിഞ്ഞു, ശുദ്ധയാ-
മാവയസ്യയഴലാര്‍ന്നിടാതെയും,
ഈവിധം യതി പറഞ്ഞു തന്മന-
സ്സാവിലേതരമലിഞ്ഞിടാതെയും.

-120-
“കേട്ടു നിഞ്ചരിതമദ്ഭുതം! ശുഭേ,
കാട്ടില്‍ വാഴ്വതിനെഴുന്ന മൂലവും
കാട്ടി സാഹസമനല്പമേതുതാ-
നാട്ടെ; നിന്‍ നിയമചര്യ നന്നയേ!

-121-
ഉണ്ടു കൌതുകമുരയ്ക്കില്‍, നാടതില്‍
പണ്ടിരുന്നതുമകന്നു കാടിതില്‍
കണ്ടുമുട്ടിയതു മെന്നുമല്ല, നാം
രണ്ടുപേരുമൊരു വൃത്തിയാര്‍ന്നതും.

-122-
ഹാ! ശുഭേ നിജ ഗതാഗതങ്ങള്‍ ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍,
ആശ നിഷ്ഫലവുമായ് വരുന്നവ-
ന്നാശിയാതിഹ വരുന്നഭീഷ്ടവും.

-123-
സ്വന്തകര്‍മ്മവശരായ് തിരിഞ്ഞിടു-
ന്നന്തമറ്റ ബഹുജീവകോടികള്‍,
അന്തരാളഗതിതന്നിലൊന്നൊടൊ-
ന്നന്തരാ പെടുമണുക്കളാണു നാം.

-124-
സ്നേഹമെങ്കിലുമിയന്നു ഖിന്നനായ്
സാഹസങ്ങള്‍ തുടരുന്നു സന്തതം
ദേഹി, ഈശകൃപയാലെ തന്മഹാ-
മോഹിനിദ്രയുയുണരുന്നനാള്‍വരെ.

-125-
കാട്ടിലിങ്ങൊരുമഹാനുഭാവതന്‍
കൂട്ടിലായ് ഭവതി, ഭാഗ്യമായി, ഞാന്‍
പോട്ടെ, -ശാന്തി! -വിധി യോഗമിന്നിയും
കൂട്ടിയാകിലഥ കാണ്‍കയാം, ശുഭേ”

ഭാഗം 6
-126-
ഏവമോതി നടകൊള്‍വതിന്നവന്‍
ഭാവമാര്‍ന്നു, പരിതപ്തയായുടന്‍
ഹാ! വെളുത്തവള്‍ മിഴിച്ചുനിന്നു മണ്‍
പാവപോലെ ഹതകാന്തിയായ് ക്ഷണം

-127-
ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൌഹൃദനയങ്ങളോര്‍ത്തുഴ-
ന്നെന്തുചെയ്യുമവള്‍?-ഹാ! നടന്നവന്‍.

-128-
കണ്ടുടന്‍ കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവള്‍
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാള്‍-

-129-
‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോല്‍‘

-130-
കൂവി വായുവിലകന്ന താമര-
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോല്‍
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം

-131-
“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാന്‍.

-132-
അന്യഥാ കരുതിയാര്‍ദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നില്‍ നിത്യപരിചര്യയൊന്നിനാല്‍.”

-133-
ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാല്‍
കോമളം സതി നനച്ചു തല്പദം
ആ മഹാന്‍ തിരിയെനിന്നു, നിര്‍മ്മല-
പ്രേമമാം വലയിലാരു വീണിടാ!

-134-
“തോഴി കാരുണികനാണു നിന്നില്‍ ഞാന്‍,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.

-135-
പാവനാംഗി, പരിശുദ്ധസൌഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളില്‍
പൂവുപോല്‍, അശുഭനശ്വരങ്ങളില്‍

-136-
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.

-137-
ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാന്‍“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവള്‍.

-138-
നോക്കിനിന്നു ഹൃതയായവന്റെ ദി-
വ്യക്യനിര്‍വൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം

-139-
ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവള്‍

-140-
അന്തരുത്തടരസോര്‍മ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോല്‍ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാല്‍.

-141-
ശാന്തവീചിയതില്‍ വീചിപോലെ സം-
ക്രാന്തഹസ്തമുടല്‍ ചേര്‍ന്നു തങ്ങളില്‍,
കാന്തനാദമൊടു നാദമെന്നപോല്‍,
കാന്തിയോടപരകാന്തി പോലെയും.

-142-
ധന്യമാം കരനസത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നില്‍ക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുര്‍ല്ലഭമലോകസംഭവം

-143-
ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതില്‍.

-144-
ചാരുഹാസ, യറിവെന്നി പെയ്തു ക-
ണ്ണീരുടന്‍, ചര്‍മമേഘവൃഷ്ടിപോല്‍,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധി പുളകമാര്‍ന്നുമില്ലവന്‍.

-145-
ഓമലാള്‍ മുഖമതിന്നു നിര്‍ഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയര്‍ന്നു മിന്നല്പോല്‍
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.

-146-
ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതില്‍
വീണു, വായു വിരമിച്ചു കേതുവില്‍
താണുപറ്റിയ പതാകപോലവള്‍.

-147-
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീര്‍ത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേര്‍-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാന്‍.

-148-
സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാര്‍ന്നതവളെന്നറിഞ്ഞവന്‍

-149-
“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരര്‍ത്ഥമോ!
ഹന്ത! കര്‍മ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാള്‍

-150-
സ്നേഹഭാജനതയാര്‍ന്ന ഹൃത്തിതില്‍
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോല്‍
മോഹമാര്‍ന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവള്‍!

ഭാഗം 7
-151-
ആരറിഞ്ഞു തനുഭൃത്തുകള്‍ക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!

-152-
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിന്‍ സുഖമഹോ! കൊതിക്കിലാം.

-153-
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതന്‍
ജന്തുഭീകരകരന്‍, ഖരന്‍, യമന്‍?

-154-
ജാതസൌഹൃദമുറങ്ങുവാന്‍ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോല്‍,
നീ തുനിഞ്ഞു നിരസിച്ചിരിക്കില്‍ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!

-155-
ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!

-156-
ഉത്തമേ! വിഗതരാഗമാകുമെ-
ന്നുള്‍ത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.

-157-
നേരു-ശൈശവമതിങ്കലന്നു നിന്‍
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാന്‍,
കോരകത്തില്‍ മധുവെന്നപോലെയുള്‍-
ത്താരില്‍ നീ പ്രണയമാര്‍ന്നിരുന്നതും,

-158-
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാന്‍,
എല്ലുമല്ലനുതപിച്ചിടുന്നു, തേന്‍-
വെന്ന നിന്മൊഴികള്‍ നിന്നുപോകയാല്‍

-159-
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാര്‍ന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!

-160-
ആകുലത്വമിയലില്ല യോഗി ഞാന്‍,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെന്‍ പ്രിയേ!

-161-
വേണിയാകിയ വെളുത്ത നിര്‍ഝര-
ശ്രേണി ചിന്നിവിരഹാര്‍ത്തിയാര്‍ന്നു താന്‍
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേള്‍ക്ക നീ!

-162-
നീലവിണ്‍‌നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാല്‍
കാലചക്രഗതി നിന്നുപോയിതോ!

-163-
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നില്‍ വിദ്യവെളിവായ നാള്‍മുതല്‍

-164-
മാനസം പരിപവിത്രമായി നിന്‍
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍-
മേനിയും മഹിത തീര്‍ത്ഥഭൂമിയായ്!

-165-
ധര്‍മ്മലോപമണയാതെ നമ്മളില്‍
ശര്‍മ്മവും വ്യഥയുമേകിയേറെനാള്‍
നിര്‍മ്മലേ ഒരു വഴിക്കു നീണ്ടൊരീ
കര്‍മ്മപാശാഗതി നീ കടന്നുതേ!”

-166-
പ്രേമഗൗരവമിയന്നിവണ്ണമുള്‍-
സ്ഥേമയറ്റരുളി, യാര്‍ന്നു പിന്നെയും
ആ മഹാന്‍ നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാല്‍.

-167-
ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോള്‍
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാള്‍
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ

-168-
‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താള്‍
ദളിതഹൃദയം-കൈയാല്‍ ശാന്തിബിംബത്തില്‍നിന്നും
ഗളിതസുഷമമാം നിര്‍മ്മാല്യമാല്യം കണക്കേ.

-169-
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തില്‍
വിന്യസ്തരാക്കി മൃദുമെയ്യവര്‍ നോക്കിനിന്നാര്‍,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താര്‍-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.

-170-
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോര്‍ത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേര്‍ത്തദിക്കില്‍
കല്പിച്ചവള്‍ക്കു ഖനനം വരയോഗിയോഗ്യം.

-171-
നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണര്‍പോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.

-172-
ലോകക്ഷേമോത്സുകനഥ വിദേശത്തില്‍ വാണാ യതീന്ദ്രന്‍,
ശോകം ചേര്‍ന്നീലവനു നളിനീചിന്തയാല്‍ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങള്‍ മങ്ങാ പതിഞ്ഞാല്‍.

-173-
അവനു പുനാമേഘം‌പോയി നൂറ്റാണ്ടു, പിന്നോര്‍-
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാര്‍ജ്ജി-
ച്ചവിരതസുഖമാര്‍ന്നാനാ മഹാന്‍ ബ്രഹ്മഭൂയം!

ശുഭം